ഹൂ ഈസ് മോഹന്‍ലാല്‍?
-- തങ്കപ്പനണ്ണന്‍
"ഹൂ ഈസ് മോഹന്‍ലാല്‍?
എ. അമേരിക്കന്‍ പ്രസിഡന്റ്. ബി. ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ ആള്‍. സി. സിനിമാ താരം".
തന്റെ മൊബൈല്‍ ഫോണില്‍ ഒരു ദിവസം ഇങ്ങനെ ഒരു ചോദ്യം കണ്ടിട്ട് തങ്കപ്പനണ്ണന്‍ ഞെട്ടാനൊന്നും പോയില്ല. ഞെട്ടലൊക്കെ എന്നേ ഔട്ടോഫ് ഫാഷന്‍ ആയിക്കഴിഞ്ഞു. ഇടക്കിടെ ഓരോരോ വലിയ നേതാക്കന്മാര്‍ മരിക്കുകയും, അതു കേട്ടു നമ്മുടെ പാവം മന്ത്രിമാര്‍ ഞെട്ടുകയും, പള്ളിക്കുടങ്ങളില്‍ കൂട്ടമണിയടിക്കുകയും, അതു കേട്ടു നാം സന്തോഷമായി നേരത്തേ വീടുകളില്‍ പോവുകയും ചെയ്തിരുന്ന ആ നല്ല നാളുകള്‍ ഇനിയൊരിക്കലും തിരിച്ചുവരില്ല. മാത്രവുമല്ല, സ്ഥിരമായി പത്രം വായിക്കേണ്ടി വരുന്നതു കൊണ്ട്, ഇന്നിപ്പോ അങ്ങനെയിങ്ങനെയൊന്നും ഞെട്ടാന്‍ പറ്റിയ അവസ്ഥയിലല്ല നമ്മളാരും. അതൊക്കെ പോകട്ടെ. നേരത്തേ പറഞ്ഞത് മൊബൈല്‍ ഫോണ്‍ കമ്പനിക്കാര്‍ നടത്തുന്ന ഒരു മല്‍സരത്തിന്റെ പരസ്യമാണ്. ഒരു എസ്.എം.എസ് ക്വിസ്സ്. മൊത്തം അഞ്ച് ചോദ്യങ്ങള്‍ ഉണ്ട്. ഉത്തരം എസ്.എം.എസ് ആയി അയക്കണം. അഞ്ച് ചോദ്യങ്ങള്‍ക്കും ശരിയുത്തരം അയക്കുന്നവര്‍ക്കു വലിയ വലിയ സമ്മാനങ്ങളാണു കിട്ടുക. മോഹന്‍ലാല്‍ ആരാണ് എന്നതാണ് ആദ്യത്തെ ചോദ്യം. എല്ലാ ദിവസവും ആദ്യം നമ്മളെ സ്വര്‍ണ്ണം വാങ്ങാന്‍ പ്രേരിപ്പിക്കുകയും, പിന്നീടതു പണയം വെച്ചു രൂപയാക്കാന്‍ ഉപദേശിക്കുകയും, പിന്നെ ഒരു കള്ളച്ചിരിയോടെ വൈകിട്ടെന്താ പരിപാടി എന്നു ചോദിച്ചു നമ്മളെ കൊതിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ സ്വന്തം ലാലേട്ടന്‍ നമ്മളെ വിട്ടു വെറും അമേരിക്കന്‍ പ്രസിഡന്റാവാന്‍ ഒരിക്കലും പോകില്ല എന്നു തങ്കപ്പനണ്ണനറിയാം. ഇരുപതോ മുപ്പതോ കൊല്ലത്തിലൊരിക്കല്‍ അല്‍പനേരം മാത്രം സൂപ്പര്‍മൂണാവുന്ന പാവം ചന്ദ്രനിലെന്നല്ല, ഒരൊറ്റ സ്ഥലത്തും ആവശ്യമില്ലാതെ കാലുകുത്തുന്ന സ്വഭാവം നമ്മുടെ സൂപ്പര്‍താരത്തിനില്ലെന്നും തങ്കപ്പനണ്ണനറിയാം. അങ്ങനെ തങ്കപ്പനണ്ണന്‍ ഓപ്ഷന്‍ സി ആണു ശരിയുത്തരം എന്നു തീരുമാനിക്കുന്നു. ഒട്ടും അഹങ്കാരമില്ലാതെ, ശരിയുത്തരം എസ്.എം.എസ് ആയി അയച്ചുകൊടുക്കുന്നു.
നിമിഷങ്ങള്‍ക്കകം അതാ വരുന്നു, രണ്ടാമത്തേ ചോദ്യം. "ഓടയില്‍ നിന്ന് എഴുതിയതാരാണ്? എ. റൈറ്റ് സഹോദരന്മാര്‍, ബി. ഷെര്‍ലൊക്ക് ഹോംസ്, സി. കേശവദേവ്". എന്റെ ഭഗവാനേ, ഒരുത്തന് എന്തെങ്കിലും എഴുതണമെന്നു തോന്നിയാല്‍ എവിടെയെല്ലാമിരുന്നെഴുതാം? നിന്നെഴുതാം? ഇനി അഥവാ വല്ല സൂക്കേടുകാരനുമാണെങ്കില്‍ അത്യാവശ്യം കിടന്നുമെഴുതാം. ഏതെല്ലാം തരം എഴുത്തുകാരെ നമ്മള്‍ കണ്ടിട്ടുണ്ട്? കസേരയും മേശയും ഇട്ടിരുന്നെഴുതുന്നവരാണധികവും. സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനം അപേക്ഷ പൂരിപ്പിക്കുന്നത് വരാന്തയില്‍ ഇരുന്നാണ്. മേശരിമാര്‍ കെട്ടിടം പണിക്കുപയോഗിക്കുന്ന കുതിര ബെഞ്ച് മാതിരിയുള്ള പൊക്കം കൂടിയ മേശയാണ് ചില പോസ്റ്റ് ഓഫീസുകളില്‍ ഇട്ടിരിക്കുന്നത്. അതാവുമ്പോള്‍ കസേരയുടെ ആവശ്യം ഇല്ല എന്നൊരു ഗുണവുമുണ്ട്. സര്‍ക്കാരിനു ലാഭം, നമ്മളുടെ മുണ്ട് അഴുക്കാവുകയുമില്ല. വേറൊരു കൂട്ടരുണ്ട്. കാട്ടിലെ ഗുഹകളില്‍ ഒളിച്ചിരുന്നു ഇര അടുത്തു വരുമ്പോള്‍ ചാടി വീഴുന്ന മൃഗങ്ങളെപ്പോലെയാണിവര്‍. ഇവര്‍ ഇരിക്കുന്നത് സര്‍ക്കാര്‍ ഓഫീസുകളുടെ മതിലിലുകളില്‍ ഇടക്കിടെ കാണപ്പെടുന്ന ഗ്രില്‍ ഉള്ള ഭാഗത്താണ്. നാട്ടുകാര്‍ക്കുവേണ്ടി, നാട്ടുകാരുടെ അപേക്ഷ, നാട്ടുകാരുടെ ചിലവില്‍ പൂരിപ്പിച്ചു കൊടുക്കുകയാണിവരുടെ പരിപാടി. ഉള്ളതു പറയണമല്ലോ, സര്‍ക്കാര്‍ നടപടികളേപ്പറ്റി വലിയ വിവരം ഇല്ലാത്തവര്‍ക്ക് ഒരു ആശ്വാസമാണിവര്‍. സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍, മുക്കാലിയുടെ മുകളില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ബ്ളാക് ബോര്‍ഡ് പോലെ, കാലുകള്‍ രണ്ടും അകറ്റിവെച്ച്, തന്റെ പിന്‍ഭാഗം, ഇരുന്നു യാത്ര ചെയ്യുന്ന ഏതെങ്കിലുമൊരു ഹതഭാഗ്യന്റെ തോളിലുമുറപ്പിച്ചു വെച്ചിട്ടാണ് കണ്ടക്റ്റര്‍മാര്‍ കണക്കെഴുതുന്നത്. പക്ഷെ ഇവരാരുംതന്നെ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നെഴുതുന്നതായി തങ്കപ്പനണ്ണന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
എന്തായാലും തങ്കപ്പനണ്ണന്‍ അനാലിസിസ് ആരംഭിക്കുന്നു. റൈറ്റ് സഹോദരന്മാര്‍ എന്നു കേട്ടാലേ അറിയാം അതു ആരുടെയോ തൂലികാ നാമമാണെന്ന്. ശരിയായ കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്യുന്നവരായതു കൊണ്ടായിരിക്കും അവര്‍ ഇങ്ങനെ ഒരു പേരു സ്വീകരിക്കാന്‍ കാരണം. അകവും പുറവും നിറയെ ശരിയടയാളം വരച്ചു വെച്ചിരിക്കുന്ന മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളും മറ്റും കണ്ടുപിടിച്ചത് അവരായിരിക്കും. അവര്‍ ഒരിക്കലും ഓടയില്‍നിന്നെഴുതാന്‍ വഴിയില്ല. അടുത്ത കക്ഷിയുടെ പേരു കേട്ടിട്ട് വീടുകളും ഫ്ലാറ്റുകളും മറ്റും നിര്‍മിക്കുന്ന ആരോ ആണെന്നു തോന്നുന്നു. കാണുന്ന തോടിന്റെയും റോഡിന്റെയും എല്ലാം സൈഡില്‍ വലിയ വലിയ കെട്ടിടങ്ങള്‍ പണിയുന്നവര്‍ക്കു സ്വന്തമായി ഇരുന്നെഴുതാന്‍ വൃത്തിയുള്ള ഒരു സ്ഥലം ഇല്ലാതിരിക്കുമോ? അപ്പോള്‍ പിന്നെ മൂന്നാമത്തെ പേരുകാരനായിരിക്കും, മേല്‍ പ്രസ്താവിച്ച ഹീനകൃത്യം നിര്‍വ്വഹിച്ചത്. പേരു കേട്ടാലേയറിയാം ഏതോ ഒരു മലയാളി ഉദ്യോഗസ്ഥനാണെന്ന്. മുനിസിപ്പാലിറ്റി, വാട്ടര്‍ അതോറിറ്റി, പി.ഡബ്ള്യു.ഡി തുടങ്ങിയ ഏതെങ്കിലും വകുപ്പുകളിലായിരിക്കും ജോലി. ജോലി സംബന്ധമായി ഓടയില്‍ ഇറങ്ങിയപ്പോളായിരിക്കും കക്ഷിക്ക് എഴുതാന്‍ മുട്ടിയത്. അങ്ങനെ തങ്കപ്പനണ്ണന്‍ വിജയശ്രീലാളിതനായി (സിനിമാനടി വിജയശ്രീയല്ല) ശരിയുത്തരം എസ്.എം.എസ് ആയി അയച്ചു കൊടുക്കുന്നു.
എന്തതിശയം! അതാ വരുന്നൂ മൂന്നാമത്തെ ചോദ്യം. "ഫസ്സി ന്യൂറോണ്‍ ചിപ് കണ്ടു പിടിച്ചതാര്? എ. . . . ." താഴെ കുറെ പേരുകളും കൊടുത്തിട്ടുണ്ട്. പേരുകള്‍ കണ്ടിട്ടു സായിപ്പന്മാര്‍ ആണെന്നു തോന്നുന്നു. കണ്ണാടി എടുക്കാന്‍ മറന്നതു കൊണ്ട് ശരിക്കു വായിക്കാനും പറ്റുന്നില്ല. അപ്പോഴാണു മറ്റൊരു കാര്യം ഓര്‍മ വരുന്നത്. നമ്മളെപ്പോലെ ഇത്രയും പ്രായവും പക്വതയുമൊക്കെയുള്ളവര്‍ ഇതുപോലെയുള്ള കളികളില്‍ ഏര്‍പ്പെടാമോ? ഇതൊക്കെ ഒരുതരം ചീപ് പരിപാടിയല്ലേ? നമ്മള്‍ കുട്ടികളല്ലല്ലോ? അങ്ങനെ തങ്കപ്പനണ്ണന്‍ മേപ്പടി ചീപ് പരിപാടിയില്‍ നിന്നും വിജയകരമായി പിന്മാറുന്നു. ഇവിടെ തങ്കപ്പനണ്ണനറിയാന്‍ പാടില്ലത്തതോ അഥവാ അറിയാമെങ്കില്‍ത്തന്നെ കാര്യമായി എടുക്കാത്തതോ ആയ ഒരു കാര്യമുണ്ട്. ഓരോ മറുപടിക്കും രണ്ടു രൂപയാണ് മൊബൈല്‍ കമ്പനി ഈടാക്കുന്നത്. ഇവിടെ തങ്കപ്പനണ്ണനു നഷ്ടം വെറും നാലു രൂപ. പക്ഷെ, കോടിക്കണക്കിനു രൂപയാണ് നമ്മുടെ നാട്ടിലെ തങ്കപ്പന്മാരില്‍നിന്നും മൊബൈല്‍ കമ്പനികള്‍ ഇങ്ങനെ പിരിച്ചെടുക്കുന്നത്.
എത്രയെത്ര പരസ്യങ്ങളാണ് ദിനംപ്രതി നമ്മുടെ ഫോണുകളില്‍ വരുന്നത്? എന്തെല്ലാം വാഗ്ദാനങ്ങള്‍? നിങ്ങളുടെ പേരിന്റെ ആദ്യ അക്ഷരം അയച്ചുകൊടുത്താല്‍ നിങ്ങള്‍ക്കു പറ്റിയ തൊഴില്‍ നിര്‍ദ്ദേശിക്കാമെന്ന് ഒരു പരസ്യം. ഇതു കേട്ടപാടെ ആദ്യ അക്ഷരം അയച്ചു കൊടുക്കുന്നവന്മാര്‍ക്കു പറ്റിയ തൊഴില്‍ എന്താണെന്ന് മൊബൈല്‍ കമ്പനിയിലിരിക്കുന്നവന്മാര്‍ക്കറിയാം. പക്ഷെ, അവരതത്ര പച്ചയായി പറഞ്ഞെന്നു വരില്ല. അവര്‍ക്കു നിങ്ങളെ നാളെയും വേണമല്ലോ. ജനന തീയതി അയച്ചു കൊടുത്താല്‍ ആ വ്യക്തിയുടെ സ്വഭാവം വിശദമാക്കിത്തരാമെന്നു മറ്റൊരു പരസ്യം. എന്റെ നിന്തിരുവടീ, കഴിഞ്ഞ പത്തു പണ്ട്രണ്ടു കൊല്ലമായി കൂടെ താമസിക്കുന്ന സ്വന്തം പെമ്പ്രന്നോരുടെ സ്വഭാവം ഒന്നു മനസ്സിലാക്കാന്‍ നമ്മളിവിടെ പെടാപ്പാടു പെടുന്നു. അപ്പോഴാണ് പേരു മാത്രം നോക്കി ഓരോരുത്തന്മാര്‍ സ്വഭാവം കണ്ടുപിടിക്കുന്നത്. നിങ്ങളുടെ സുഹൃത്തിന്റെ പേരയച്ചു കൊടുത്താല്‍ അയാളുടെ (അല്ലെങ്കില്‍ അവളുടെ) ജീവിതത്തിലെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ അയച്ചുതരാമെന്ന് മറ്റൊരെണ്ണം. ഈ പരസ്യം നിങ്ങളുടെ ഭാര്യയുടെയോ, അമ്മായി അമ്മയുടെയോ കൈയില്‍ കിട്ടാതെ സൂക്ഷിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ കുറേക്കാലം തുടര്‍ച്ചയായി ഞെട്ടേണ്ടി വരും. എന്തായാലും ഒരു കാര്യം ഉറപ്പാണ്. നമ്മുടെ നാട്ടില്‍ മണ്ടന്മാര്‍ക്കു പഞ്ഞമൊന്നുമില്ല. കുറേ അധികംപേരെങ്കിലും ദിനംപ്രതി ഈ ചതിക്കുഴികളില്‍ വീഴുന്നുണ്ടാവണം. കാരണം, മെസ്സേജയച്ചു ആളുകളെ പിടികൂടാന്‍ നല്ലൊരു തുക അവര്‍ക്കും ചിലവാകുന്നുണ്ട്.
എന്റെ ഒരു സുഹൃത്തിന് ഒരു ദിവസം ഇങ്ങനെ ഒരു സന്ദേശം കിട്ടി. "നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നാലര ലക്ഷം ബ്രിട്ടീഷ് പൌണ്ട് സമ്മാനം നേടിയിരിക്കുന്നു. എത്രയും പെട്ടെന്ന് നിങ്ങളുടെ പേരും വിലാസവും മറ്റു വിവരങ്ങളും ഈ-മെയില്‍ ചെയ്യുക". ഒരു ഡോക്ടര്‍ സ്റ്റീഫന്‍ മാര്‍ക്ക് ആണ് സന്ദേശം അയച്ചിരിക്കുന്നത്. ഒരു രസത്തിനുവേണ്ടി സുഹൃത്ത് ഈ-മെയില്‍ അയച്ചു. രണ്ടു ദിവസത്തിനകം മറുപടി കിട്ടി. "കൊക്കോ-കോള കമ്പനിയാണു മല്‍സരം നടത്തിയത്. ലോക വ്യാപകമായി നടത്തിയ ഈ മല്‍സരത്തില്‍ കോടിക്കണക്കിനു ആളുകളുടെ ഫോണ്‍ നമ്പരുകളില്‍ നിന്നാണ് ഈ നമ്പര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ന ദിവസം ഇത്ര മണിക്കു നിങ്ങളെ ഞങ്ങള്‍ ഫോണില്‍ വിളിക്കുന്നതാണ്. പണം കൈപ്പറ്റേണ്ട രീതിയെപ്പറ്റി അപ്പോള്‍ വിശദീകരിക്കുന്നതായിരിക്കും. ദയവായി കാത്തിരിക്കുക". പറഞ്ഞ ദിവസം, പറഞ്ഞ സമയത്തു തന്നെ ഫോണ്‍ വന്നു. മല്‍സരം നടത്തിയ കമ്പനിയുടെ ഏജന്റ് എന്നു സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ എല്ലാം വിശദമായിത്തന്നെ പറഞ്ഞു. "ഇംഗ്ലണ്ടില്‍ നിന്നാണു പണം വരുന്നത്. വിമാനത്താവളത്തില്‍ ഫ്രൈറ്റ് ചാര്‍ജായി(?) ഒരു തുക കൊടുക്കേണ്ടി വരും. അവിടെ മറ്റു ചിലവുകളും ഉണ്ട്. അതിലേക്കായി ആദ്യം ഇരുപതിനായിരം രൂപ സമ്മാനാര്‍ഹര്‍ നല്‍കേണ്ടി വരും". കൊക്കോ-കോളയുടെ 'വേള്‍ഡ് വൈഡ് പ്രമോഷന്‍ കൌണ്‍സിലി'ന്റെ ഏജന്റിന്റെ പേരും, ബാങ്കിലെ അക്കൌണ്ട് നമ്പരും, പാന്‍ നമ്പരും എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. എല്ലാം കേട്ടിട്ടു സുഹൃത്ത് പറഞ്ഞു, "ഇരുപതിനായിരമാക്കണ്ട, അന്‍പതിനായിരം എടുത്തോളൂ. ബാക്കിയുള്ളതു തന്നാല്‍ മതി". അപ്പുറത്തു സ്വരം ഉയര്‍ന്നു. "നിങ്ങളെന്താ ആളെ കളിയാക്കുകയാണോ?". ഫോണ്‍ കട്ടായി. ഒരു മണിക്കൂറു കഴിഞ്ഞപ്പോള്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു. "ശരി, ഒരു കാര്യം ചെയ്യാം. ഇന്നത്തെ ഫ്ലൈറ്റില്‍ ഞാന്‍ തന്നെ നേരിട്ടു വന്നു പണം കൈമാറാം. ഫ്ലൈറ്റ് പുറപ്പെടാന്‍ ഇനി അല്‍പനേരമേയുള്ളൂ. എത്രയും പെട്ടെന്നു പണം ബാങ്കില്‍ നിക്ഷേപിക്കുക". നേരിട്ടു കാണുമ്പോള്‍ അമ്പതിനായിരം രൂപ കൊടുക്കാമെന്നു സുഹൃത്ത് ആവര്‍ത്തിച്ചു. ഫോണ്‍ വീണ്ടും കട്ടായി. പിന്നെ ഇതു വരെ വിളിച്ചിട്ടേയില്ല. കൊക്കോ-കോള, ടൊയോട്ട കോര്‍പ്പൊറേഷന്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ പേരില്‍, ഇന്‍ഡ്യക്കു പുറത്തു നിന്നും അയച്ചത് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇത്തരം വ്യാജ മെസ്സേജുകള്‍ വരിക. അവസാനം, ഇര വലയില്‍ വീഴും എന്നു തോന്നുമ്പോഴാണ് ഇന്‍ഡ്യന്‍ ഏജന്റ് രംഗപ്രവേശം ചെയ്യുക.
ഒരിക്കല്‍ എന്റെ ഫോണില്‍ വന്ന ഒരു പരസ്യം ഇങ്ങനെയായിരുന്നു. "നൂറുകണക്കിനു പെണ്‍കുട്ടികള്‍ നിങ്ങളുമായി ചാറ്റ് ചെയ്യാന്‍ കാത്തു നില്‍ക്കുന്നു. എത്രയും പെട്ടെന്ന് എസ്.എം.എസ് അയക്കുക". മൊബൈല്‍ ചാറ്റിങ്ങാണു വിഷയം. അപ്പുറത്തുള്ള ആളോട് നിങ്ങളാരാണെന്നു വെളിപ്പെടുത്താതെ മണിക്കൂറുകളോളം സംസാരിക്കാം. എന്തു വിഷയവും ആകാം. എന്തും ചോദിക്കാം. അറിയാമെങ്കില്‍പ്പോലും ജീവിതത്തിലൊരിക്കലും ഒരാളോടു മുഖത്തു നോക്കി പറയാന്‍ പാടില്ലാത്ത (പറ്റിയിട്ടില്ലാത്ത) പദങ്ങള്‍ യഥേഷ്ടം പ്രയോഗിക്കാം. അതെ, സഹോദരീ സഹോദരന്മാരേ, യഥാര്‍ത്ഥ ആവിഷ്കാരസ്വാതന്ത്യ്രം ഇതാ നിങ്ങളുടെ പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. മറ്റൊരു പരസ്യം ഒന്നു വായിച്ചു നോക്കൂ. "“നേഹ (19 വയസ്സ്, സ്ത്രീ), രോഹിത് (20 വയസ്സ്, പുരുഷന്‍), പ്രീതി (21വയസ്സ്, സ്ത്രീ) എന്നിവര്‍ നിങ്ങളുമായി ചാറ്റ് ചെയ്യാന്‍ കാത്തിരിക്കുന്നു. എത്രയും പെട്ടെന്ന് എസ്.എം.എസ് അയക്കുക". ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. ഇത്തരം വ്യാജ പരസ്യങ്ങള്‍ ഏറ്റവും അധികം വരുന്നത് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എലിന്റെ നെറ്റ് വര്‍ക്കിലാണ്. മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ നല്‍കുന്നത് സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ ആണെങ്കില്‍പ്പോലും അവയുടെ വിശ്വാസ്യത ഉറപ്പു വരുത്തുവാനുള്ള ധാര്‍മികമായ ഒരു ഉത്തരവാദിത്തം ഈ സ്ഥാപനങ്ങള്‍ക്കുണ്ട് എന്നാണു നമ്മള്‍ സാധാരണക്കാര്‍ ധരിച്ചു വച്ചിരിക്കുന്നത്. ഏതു തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടു നില്‍ക്കുന്നവരല്ല അവര്‍ എന്നു തന്നെയാണു നമ്മുടെ വിശ്വാസം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എലിന് ഇതു ബാധകമല്ലേ? ഇല്ല സര്‍, ഞാന്‍ ബി.എസ്.എന്‍.എലിനെ അടച്ചാക്ഷേപിച്ചതല്ല. നിലവിലുള്ള മറ്റേതു മൊബൈല്‍ സര്‍വ്വീസ് പ്രോവൈഡറേക്കാളും സുതാര്യവും, സത്യസന്ധവും ആയ ഇടപാടുകള്‍ തന്നെയാണ് ബി.എസ്.എന്‍.എലിന്റേത്. ഈ സൌകര്യം ചില സാമൂഹ്യവിരുദ്ധന്മാര്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നേ സാധാരണക്കാര്‍ക്കു പറയാനുള്ളൂ.
ഇനി പ്രത്യക്ഷത്തില്‍ നിര്‍ദ്ദോഷമെന്നു തോന്നാവുന്ന ചില മെസ്സേജുകള്‍ ഉണ്ട്. അത്തരത്തില്‍ ഒരെണ്ണം ഇതാ. "സ്വാമിയേ ശരണം അയ്യപ്പാ! ഈ മെസ്സേജ് ഡിലീറ്റ് ചെയ്യരുത്. ഈ ദിവ്യമായ മന്ത്രം പതിനെട്ട് പേര്‍ക്കു അയച്ചു കൊടുക്കുക. ഒരാഴ്ച്ചക്കകം നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത കേള്‍ക്കാനാകും. ഇങ്ങനെ ചെയ്ത കോഴിക്കോട്ടെ രാധാകൃഷ്ണനു നാലു ദിവസത്തിനകം ഗള്‍ഫില്‍ പോകാന്‍ വിസ വന്നു. സേലത്തെ മുനിയപ്പ പതിനെട്ടിനു പകരം നൂറ്റിയെട്ടു പേര്‍ക്ക് ഈ മന്ത്രം അയച്ചു കൊടുത്തു. രണ്ടു കോടിയുടെ ലോട്ടറിയാണ് ഇദ്ദേഹത്തിനു കിട്ടിയത്. ഇതു ഡിലീറ്റ് ചെയ്ത വയനാട്ടിലെ കുട്ടപ്പന്റെ ഏക മകന്‍ കിണറ്റില്‍ വീണു മരിച്ചു. അതിനാല്‍ ഇതു പതിനെട്ടു പേര്‍ക്കു അയച്ചു കൊടുക്കുക. അയ്യപ്പ സ്വാമിയുടെ അനുഗഹം നേടുക. സ്വാമി ശരണം". എന്താ കഥ? ഇങ്ങനെ ഒരു മെസ്സേജ് കിട്ടിയതു പാതി, കിട്ടാത്തതു പാതി നമ്മളും അയച്ചു തുടങ്ങും, പതിനെട്ടു പേര്‍ക്ക്. ലോട്ടറി കിട്ടിയില്ലെങ്കിലും സാരമില്ല, മക്കള്‍ കിണറ്റില്‍ വീഴരുതല്ലോ. വെറുതെ എന്തിനു റിസ്ക് എടുക്കണം? ദൈവങ്ങള്‍ക്ക് ഇപ്പോള്‍ പഴയ പോലെ ഉണ്ണിയപ്പവും പായസവും ഒന്നും വേണ്ട. അവരും പുരോഗമിച്ചു പോയി. ഇപ്പോള്‍ അവര്‍ക്കും എസ്.എം.എസാണു പഥ്യം. ഇനി ഒരു കാലത്തു നമ്മള്‍ മരണശേഷം അങ്ങു മുകളില്‍ അദാലത്തിനു ചെല്ലുമ്പോഴായിരിക്കും വിവരം അറിയുക. "നീ സല്‍പ്രവര്‍ത്തികള്‍ ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും എസ്.എം.എസുകള്‍ കുറവാണല്ലോ ഭക്താ. അതു കൊണ്ട് തല്‍ക്കാലം നിന്നെ സ്വര്‍ഗത്തില്‍ നിന്നും ഔട്ട് ആക്കുകയാണ്" എന്നു ദൈവം പറഞ്ഞാല്‍ നമ്മളെന്തു ചെയ്യും? നിറകണ്ണുകളോടെ എല്ലവര്‍ക്കും റ്റാറ്റാ പറഞ്ഞു, ചെകുത്താന്റെ കൈയും പിടിച്ച് നരകത്തിലേക്കു പോകാനല്ലേ പറ്റൂ? "എന്റെ പഴനി ആണ്ടവാ, പത്താം ക്ലാസ്സ് 'പരൂഷ' പാസ്സാക്കിത്തന്നാല്‍ പത്ത് എസ്.എം.എസ് അയച്ചേക്കാമേ" എന്നായിരിക്കും നമ്മുടെ ഭാവി തലമുറ പ്രാര്‍ത്ഥിക്കുക. ഇത്തരം ഗോഡ്സ് ഓണ്‍ മെസ്സേജുകളുടെ ക്രിസ്ത്യന്‍, മുസ്ളീം വകഭേദങ്ങളും ലഭ്യമാണ്.
ശാസ്ത്ര വിഷയങ്ങളില്‍ താല്‍പ്പര്യമുള്ള, എന്നാല്‍ അല്‍പ്പം ജ്യോതിഷത്തിലും വിശ്വാസമുള്ള, സാമാന്യം ഭേദപ്പെട്ട മണ്ടന്മാര്‍ക്കായി തയ്യാര്‍ ചെയ്ത ഒരെണ്ണം ഇതാ. "സൂപ്പര്‍ മൂണിന്റെ പ്രഭാവം ഏതാനും ദിവസങ്ങള്‍ക്കകം ശക്തമാകും. അതു നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാന്‍, നിങ്ങളുടെ നാള്‍ എസ്.എം.എസ് ആയി അയക്കുക. ഉദാ. സൂപ്പര്‍ പൂരുരുട്ടാതി". ഇത്തരം തറ വേലകളില്‍ വീണുപോകാത്ത, ജന്മനാ ശാസ്ത്രജ്ഞന്മാരും പുരോഗമനവാദികളുമായ മണ്ടന്മാര്‍ക്കുവേണ്ടി ശാസ്ത്രീയമായി തയ്യാര്‍ ചെയ്ത ഒരെണ്ണമാണടുത്തത്. ഈയടുത്ത കാലത്തു നമ്മുടെ നാട്ടില്‍ വ്യാപകമായി പ്രചരിച്ച ഒരു മെസ്സേജാണിത്. "ബിബിസി ഫ്ലാഷ് ന്യൂസ് : ഫുക്കുഷിമ റിയാക്റ്ററില്‍ റേഡിയേഷന്‍ ഉണ്ടെന്നു ജപ്പാന്‍ ഗവണ്‍മെന്റ് സ്ഥിരീകരിച്ചു. ഏഷ്യന്‍ രാജ്യങ്ങള്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്തുകൊള്ളുക. അടുത്ത ഇരുപത്തിനാലു മണിക്കൂറിനകം മഴ പെയ്യുകയാണെങ്കില്‍ വീടിനു പുറത്തിറങ്ങരുത്. കതകുകളും ജനാലകളും അടച്ചിട്ടേക്കുക. കഴുത്തിനു ചുറ്റും ബെറ്റാഡൈന്‍ വച്ചു തുടക്കുക. ഇന്നു വൈകിട്ടു നാലു മണിയോടെ റേഡിയേഷന്‍ ഫിലിപ്പൈന്‍സ് വരെ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ദയവായി ഈ മെസ്സേജ് പരമാവധി ആളുകള്‍ക്കു ഫോര്‍വേഡ് ചെയ്യുക". സാധാരണക്കാരായ നമ്മളുടെ ഫോണില്‍ ഇങ്ങനെ ഒരു മെസ്സേജ് വന്നാല്‍ നമ്മള്‍ എന്തു ചെയ്യും? ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഏതെങ്കിലും ഒരു പിച്ചക്കാരന്‍ നിവൃത്തികേടുകൊണ്ട് കൈ നീട്ടിയാല്‍, കണ്ട ഭാവം നടിക്കാത്ത നമ്മള്‍ ഉഷാറാവുകയായി. ഒരു ന്യൂക്ലിയര്‍ ഹോളോകാസ്റ്റില്‍ നിന്നും നമ്മുടെ വീട്ടുകാരേയും കൂട്ടുകാരേയും ഒക്കെ രക്ഷിക്കുവാനുള്ള അസുലഭ അവസരമാണിത്. ഫോണില്‍ സേവ് ചെയ്തിരിക്കുന്ന നമ്പറുകള്‍ ഒന്നൊന്നായി പരതുന്നു. റേഡിയേഷന്‍ അടിച്ചാലും നമുക്കു നഷ്ടമൊന്നും ഇല്ലാത്തവരെ ഒഴിവാക്കി, ബാക്കിയുള്ളവര്‍ക്കെല്ലാം നമ്മള്‍ മെസ്സേജ് ഫോര്‍വേഡ് ചെയ്യുന്നു. അതിനുശേഷം റേഡിയേഷനില്‍ നിന്നും രക്ഷപെടാനായി ഓരോരുത്തര്‍ അന്ന് എന്തൊക്കെ ചെയ്തു എന്ന് ഉടയതമ്പുരാനു മാത്രമേ അറിയൂ. പക്ഷെ, നമ്മളില്‍ കുറേപ്പേരെ അല്‍പ്പനേരത്തേക്കെങ്കിലും പരിഭ്രാന്തരാക്കാനോ, കുരങ്ങുകളിപ്പിക്കാനോ ഈ മെസ്സേജ് ഉണ്ടാക്കിയ സാമൂഹ്യവിരുദ്ധനു കഴിഞ്ഞു എന്ന കാര്യം ഉറപ്പാണ്. ഇത്തരം മെസ്സേജുകളും, നേരത്തെ പറഞ്ഞ ഗോഡ്സ് ഓണ്‍ മെസ്സേജുകളും മറ്റും പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ പേരിലോ, ബള്‍ക്ക് എസ്.എം.എസുകള്‍ അയക്കുന്ന ഏജന്‍സികളുടെ പേരിലോ അല്ല ഇവ വരിക. ചിലപ്പോള്‍ നമുക്കു പരിചയമുള്ളവര്‍ തന്നെയായിരിക്കും ഇവ അയക്കുന്നത്. പക്ഷേ പലപ്പോഴും നമുക്ക് പരിചയമില്ലാത്ത ഏതോ ചില നമ്പരുകളില്‍ നിന്നും സാധാരണ എസ്.എം.എസ് മെസ്സേജുകള്‍ പോലെ തന്നെ ഇത്തരം മെസ്സേജുകള്‍ കിട്ടാറുണ്ട്. അതേ സര്‍, താങ്കളുടെ സംശയം ശരിയാണെന്നു തന്നെയാണ് എനിക്കും തോന്നുന്നത്. ഇതില്‍ മിക്ക എസ്.എം.എസുകളും പടച്ചിറക്കുന്നത് ഇവിടത്തെ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ശമ്പളം കൊടുത്തിരുത്തിയിരിക്കുന്ന ഭക്തന്മാരും ശാസ്ത്രജ്ഞന്മാരും ഒക്കെ ആയിരിക്കാനാണു വഴി. ആട്, തേക്ക്, മാഞ്ചിയം, മണി ചെയിന്‍, നിധി കമ്പനി തുടങ്ങിയ കലാപരിപാടികള്‍ നടത്തി പ്രാഗല്‍ഭ്യം തെളിയിച്ച പ്രതിഭകള്‍ ഇപ്പോള്‍ ഇവിടെയായിരിക്കും ചേക്കേറിയിരിക്കുന്നത്. ഇവിടെ കുറേക്കൂടി എളുപ്പമാണ് സംഗതികള്‍. ഓരോത്തര്‍ക്കും ഉണ്ടാകുന്ന നഷ്ടം വളരെ ചെറുതായതു കൊണ്ടും, അമളി പറ്റിയാലും മറ്റാരും അറിയില്ല എന്നുള്ളതു കൊണ്ടും ആരും പരാതിപ്പെടാന്‍ മുതിരാറില്ല. എന്തായാലും സാധാരണക്കാരുടെ ഇടയില്‍ പരിഭ്രാന്തിയും, തെറ്റിധാരണകളും പരത്തുന്നവര്‍ക്കും, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നവര്‍ക്കും എതിരെ നിയമനടപടികള്‍ എടുക്കുവാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അറിവില്ലായ്മ കൊണ്ടോ, ഭയം കൊണ്ടോ, സഹായമനസ്കത കൊണ്ടോ ഒക്കെയായിരിക്കും സാധാരണക്കാര്‍ ഇവ ഫോര്‍വേഡ് ചെയ്യുന്നത്. അവരെ ഒഴിവാക്കി ഇത്തരം മെസ്സേജുകളുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തി വേണം നടപടികള്‍ സ്വീകരിക്കാന്‍. അങ്ങനെ കണ്ടെത്തുന്ന വ്യക്തിക്കു മൊബൈല്‍ കമ്പനികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടെങ്കില്‍ അവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ പറ്റുന്ന വിധത്തില്‍ നിയമങ്ങള്‍ കൊണ്ടു വരികയോ, ഉള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുകയോ വേണം. ആരെങ്കിലും അതിനു മുതിരുകയാണെങ്കില്‍ അവരില്‍ അനുഗഹത്തിന്റെ ഒരായിരം എസ്.എം.എസുകള്‍ ജഗദീശ്വരന്‍ വര്‍ഷിക്കുമാറാകട്ടെ.
അടിക്കുറിപ്പ് : ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാത്തരം എസ്.എം.എസുകളും ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളവ തന്നെയാണ്. താങ്കള്‍ക്കിതുവരെ ഇത്തരം മെസ്സേജുകള്‍ കിട്ടിയിട്ടില്ലെങ്കില്‍ അതിനുള്ള സമയം ആയിട്ടില്ലെന്നു കരുതിയാല്‍ മതി. ക്ഷമയോടെ കാത്തിരിക്കുക. വരാനുള്ള എസ്.എം.എസ് വഴിയില്‍ തങ്ങില്ല.
*********************